പ്രിയമുള്ളവരേഡിസംബര് ഒന്നിന് മുമ്പുള്ള ഞായറാഴ്ച ആഗമനകാലം വിടരുമ്പോള്‍, മഞ്ഞുകാലത്തിന്റെ തണുപ്പിലും പ്രവാസി മനസ്സുകളില്‍ കാത്തിരിപ്പിന്റെ തിരിനാളങ്ങള്‍ തെളിയുന്നു. നാലു തിരികളിലൊന്നില് നവം.29 ന് ഞായറാഴ്ച പ്രകാശം തുടിയ്ക്കുകയും ചെയ്തു. തിരക്കേറിയ ജീവിതങ്ങള്‍ക്കിടയില്‍, പ്രത്യാശയുടെയും സ്നേഹത്തിന്റെയും ഈണങ്ങളായി ക്രിസ്മസ് ഗാനങ്ങള്‍ ഹൃദയത്തില്‍ നിറയുമ്പോള്‍, വാക്കുകളും സംഗീതവും ഒത്തുചേരുന്നൊരു മനോഹരമായ ആത്മീയയാത്ര തുടങ്ങുകയാണ്.
നാടിന്റെ ഓര്‍മ്മകളും വിശ്വാസത്തിന്റെ കരുത്തും ചേര്‍ത്തുപിടിച്ച്, സമാധാനത്തിന്റെ സന്ദേശവുമായി ഈ ആഗമനകാലത്തെ നമുക്ക് വരവേല്‍ക്കാം. ഓരോ രാത്രിയിലും മഞ്ഞിന്‍കണങ്ങള്‍ പൊഴിയുമ്പോള്‍, പ്രതീക്ഷയുടെ പുതുവെളിച്ചം നമ്മുടെ വീടുകളിലേക്ക് ഒഴുകിയെത്തുന്നു. ഗാനങ്ങളുടെ താളത്തില്‍ മനസ്സുകള്‍ തമ്മില്‍ ചേര്‍ന്നുനില്‍ക്കുന്ന ഈ വേള, സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശമായി മാറട്ടെ.
ജര്‍മ്മനിയുടെ മണ്ണില്‍ നിന്നുകൊണ്ട് പത്രത്താളുകളിലും ഈണങ്ങളിലും ആത്മീയതയുടെ ചൂട് പകര്‍ന്ന്, നമുക്ക് ഈ ആഗമനകാലത്തെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യാം. വരവേല്‍ക്കാം. മഞ്ഞുപുതച്ചൊരു രാവില്‍ എന്നൊരു ക്രിസ്മസ് കരോള്‍ഗാനവും വരും ദിവസങ്ങളില്‍ നിങ്ങളിലേയ്ക്കെത്തിയ്ക്കും എന്നുകൂടി അറിയിക്കുന്നു.

Comments: